Share this Article
image
സംസ്ഥാനത്ത് കനത്ത മഴ; കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; പ്രവേശനോത്സവം മാറ്റി, അംഗൻവാടിയിൽ എത്തേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കും
വെബ് ടീം
posted on 29-05-2024
1 min read
heavy-rain-the-department-of-women-and-child-welfare-has-announced-that-the-praveshanolsavam-has-been-postponed

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കനത്ത മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനം തീരാദുരിതത്തിലായി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്.

അതി തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ നാളെ(മെയ്‌ 30)ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികൾ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം. 

എറണാകുളം ജില്ലയിലും ശക്തമായ മഴയാണ്. കൊച്ചിയിൽ കനത്ത വെള്ളക്കെട്ടാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. കാക്കനാട് എംഎ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സന്ദര്‍ശിച്ചു. കീരേലിമല നിവാസികളാണ് ക്യാമ്പിലുള്ളത്. കളമശേരി കാക്കാനാട്, തൃക്കാക്കര മേഖലയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. വെള്ളം കയറിയ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.

കാക്കനാട് പടമുകളിൽ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കാര്‍ താഴെയുള്ള ചിറയിലേക്ക് മറിഞ്ഞു. വീടിന്റെ മുന്നിലിട്ടിരുന്ന വാഹനമാണ്‌ വീടിന്റെ മതിൽക്കെട്ടും ചിറയുടെ ചുറ്റുമതിലും തകർന്ന് താഴേയ്ക്ക് പതിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും ശമനമില്ലാതെ തകർത്ത് പെയ്യുകയാണ്.കാറിന്റെ ഉടമകൾ വിദേശത്താണെന്നാണ് വിവരം. ചിറയോട് ചേർന്ന് ആളുകൾ സഞ്ചരിക്കുന്ന ഇടവഴിയും ഇടിഞ്ഞിട്ടുണ്ട്. സമീപത്തെ മരവും കടപുഴകി വീണു. ആദ്യമായാണ് ഇത്തരത്തിൽ ഭീതി പടർത്തുന്നൊരു സംഭവമെന്നാണ് പരിസരവാസികൾ പറയുന്നത്.

മഴക്കെടുതിദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളയിലും ക്യാമ്പുകള്‍ തുറന്നു. ഓച്ചിറ വല്യകുളങ്ങര എല്‍പിഎസില്‍ എട്ടു കുടുംബങ്ങളിലെ 22 പേരുണ്ട്. കെഎസ് പുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നാലു കുംടുംബങ്ങളിലെ എഴു പേരാണുളളത്. ക്ലാപന സര്‍ക്കാര്‍ എല്‍.പി.എസ് വരവിളയില്‍ 13 കുടുംബങ്ങളിലെ 19 അംഗങ്ങളാണ് ഉള്ളത്. ആലപ്പുഴയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നതോടെ ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം പതിനേഴായി. കോട്ടയത്ത് 17 കാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഹരിപ്പാട് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. മുട്ടം പറത്തറയിൽ ദിവാകരൻ (67) ആണ് വീടിന് സമീപമുള്ള വെള്ളക്കെട്ടിൽ വീണ്‌ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.ഭക്ഷണത്തിന് ശേഷം വീടിനുപ്പുറത്തേക്കിറങ്ങിയ ദിവാകരൻ വെള്ളക്കെട്ടിൽ കാൽവഴുതി വീണതായാണ് ബന്ധുക്കൾ പറയുന്നത്. കനത്ത മഴയെ തുടർന്ന് ഇവിടെ റോഡുകളിലും പാടശേഖരങ്ങളിലും വെള്ളമുയർന്നിരിക്കുകയാണ്.

തൃശ്ശൂരിലും അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ അശ്വനി ആശുപത്രിയിലേക്ക് ബുധനാഴ്ച വീണ്ടും വെള്ളം കയറി. ഐ.സി.യുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ടായി. ആശുപത്രിയുടെ മുന്‍വശത്തെ കാന നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റിയെങ്കിലും അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തുണ്ട്.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories