Share this Article
6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ
വെബ് ടീം
posted on 22-07-2023
1 min read
six  year old boy beaten to death with hammer and raped sister; Accused sentenced to death

ഇടുക്കി ആനച്ചാലിനു സമീപം ആമക്കണ്ടത്ത്  ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധ ശിക്ഷ. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്.  കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ്  ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

കുട്ടിയുടെ 14കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ പോക്‌സോ നിയമം അനുസരിച്ച് നാലുവകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലുവകുപ്പുകള്‍ പ്രകാരം വധശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. കൂടാതെ വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പാണ് കേസില്‍ പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

2021 ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീടുകളിലായാണ് ബന്ധുക്കള്‍ താമസിച്ചിരുന്നത്. ആദ്യം ആറുവയസുകാരനെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശിയെ ആക്രമിച്ചു. ഇതിന് ശേഷമാണ് 14കാരിയെയും കുട്ടികളുടെ അമ്മയെയും ആക്രമിച്ചത്. തുടര്‍ന്ന് കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്.



ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories