മോൺസൻ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. താൻ പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയതായി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ആ കേസിൽ ചോദ്യം ചെയ്യാൻ സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നതെന്നും ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് താൽപര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോൻസൻ മാവുങ്കലിനു പോക്സോ കേസിൽ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതിയുടെ നിരീക്ഷണം. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.
കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്.പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോൻസന്റെ ജീവനക്കാരിയുടെ മകളാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.