ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനത്തിലെ തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്.
ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.