തൃശൂരിൽ സ്വിഗ്ഗി, ഇൻസ്റ്റമാർട്ട് ഡെലിവറി പാർട്ട്ണർമാർ ഇന്നു മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. പെട്രോൾ ഇൻസന്‍റീവ് നൽകുക, കിലോമീറ്ററിനു പത്തുരൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 350ഓളം തൊഴിലാളികൾ പണിമുടക്കിൻ്റെ ഭാഗമാകും.
12 മണിക്കൂലധികം പണിയെടുത്താൽ 400 മുതൽ 500 രൂപവരെ മാത്രമേ ലഭിക്കൂവെന്ന് തൊഴിലാളികൾ പറയുന്നു. പെട്രോളിന് 65 രൂപയുണ്ടായിരുന്ന കാലത്തെ കണക്കുവച്ചാണ് ഇപ്പോഴും തരുന്നത്. സുഖമില്ലാതെയോ ഇരുചക്രവാഹനം കേടുവന്നോ മൂന്നു ദിവസത്തിൽ കൂടുതൽ ലീവെടുത്താൽ ഇൻസെന്‍റീവ് നൽകില്ല. വെയിലും മഴയും രാവും പകലുമില്ലാതെയാണ് സ്വിഗ്ഗി പാർട്ണർമാർ ഇരുചക്രവാഹനത്തിൽ ഓർഡർ ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്നത്. എന്നിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സ്വിഗ്ഗി പിൻവലിച്ചിരിക്കുകയാണ്. സമരത്തിന്‍റെ ഭാഗമായി സ്വിഗ്ഗിയുടെ തൃശ്ശൂർ നഗരത്തിലെ പുഴയ്ക്കൽ, മണ്ണുത്തി, പൂത്തോൾ, മുളങ്കുന്നത്തുകാവ് കേന്ദ്രങ്ങളുടെയും ഇൻസ്റ്റമാർട്ടിന്‍റെ പൂത്തോൾ, കുരിയച്ചിറ കേന്ദ്രങ്ങളുടെയയും മുൻപിൽ ഓർഡറുകൾ സ്വീകരിക്കാതെ പ്രതിഷേധ ബാനർ ഉയർത്തുമെന്നും തൊഴിലാളികൾ തൃശൂർ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളായ എൻ. നന്ദിത, സി. സുജിത്, ആന്‍റണി ഐനിക്ക്, എം.ടി. ദാവൂത്, പി. അഭിലാഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.