ഉത്തരകാശിയില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഉടന്‍ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കാനാവുമെന്ന് ദൗത്യസംഘം വ്യക്തമാക്കി. തുരങ്കത്തിന് പുറത്ത് 41 ആംബുലന്‍സുകള്‍ തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നവംബര്‍ 12ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. തൊഴിലാളികള്‍ കുടുങ്ങിയ പ്രദേശത്തിന് ഏകദേശം 8.5 മീറ്റര്‍ ഉയരവും 2 കിലോമീറ്റര്‍ നീളവുമാണുള്ളത്. ഹിമാലയന്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയും മണ്ണിന്റെ സ്വഭാവവും രക്ഷാപ്രവര്‍ത്തനത്തെ ഇടയ്ക്ക് ബാധിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നല്‍കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുന്നുണ്ട്. അധികം താമസിയാതെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.