കോയമ്പത്തൂര്‍: സേലം - കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം കാര്‍ അടിച്ചുതകര്‍ത്തു. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിക്കിനെയും സംഘത്തെയുമാണ് ആക്രമിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിക്കും ജീവനക്കാരും ബംഗളൂരുവില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
മലയാളി സംഘം സഞ്ചരിച്ച കാറിനെ മൂന്ന് കാറുകളാണ് പിന്തുടര്‍ന്നത്. കേരള അതിര്‍ത്തിക്ക് തൊട്ടുമുന്‍പ് വെട്ടിച്ച് കടന്ന അക്രമി സംഘത്തിന്റെ കാര്‍ മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്് വട്ടമിട്ട് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.ആയുധങ്ങളുമായി കാറുകളില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ആദ്യം കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം വ്യക്തമല്ല. ഈസമയത്ത് കാറിലുള്ളവര്‍ നിലവിളിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് ഇന്നോവയുടെ ഡോറുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം അതിവേഗം വാഹനം ഓടിച്ച് പോയത് കൊണ്ടാണ് മലയാളി സംഘം രക്ഷപ്പെട്ടത്. എന്നാല്‍ അക്രമി സംഘം ടോള്‍ പ്ലാസ വരെ വീണ്ടും പിന്തുടര്‍ന്നതായും മലയാളി സംഘം പറയുന്നു. തുടര്‍ന്ന് മധുക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് മധുക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടറുകളും മറ്റും വാങ്ങി മടങ്ങിവരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.
പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ജൂൺ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം ഇയാൾ തിരിച്ചുപോയിട്ടില്ല. അതിനിടെയാണ് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങിയത്. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎൽ–47–D-6036, KL-42-S-3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പരാതിയും ആക്രമണത്തിന്റെ വിഡിയോയുമായി ചെന്നിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്ന് യുവാക്കൾ പറഞ്ഞു. വിഡിയോ നോക്കാൻ പോലും പൊലീസ് തയാറായില്ല. തമിഴ്നാട് പൊലീസിനെ അറിയിച്ചിട്ടുണ്ടല്ലോ പിന്നെ ഞങ്ങൾ നോക്കേണ്ട കാര്യമില്ലെന്നാണ് അവർ പറഞ്ഞത്. വാഹനം ഇപ്പോഴും തമിഴ്നാട്ടിലാണുള്ളത്.