Share this Article
നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത
വെബ് ടീം
posted on 19-05-2024
1 min read
rain-alert-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് മഴ.

ഇന്ന് ( ഞായര്‍) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ ലഭിക്കുന്ന അതിതീവ്രമായ മഴയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഈ നാലുജില്ലകളില്‍ അതിതീവ്രമഴ തുടരും. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സമാനമായ സാഹചര്യം നിലനില്‍ക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മെയ് 22ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories