തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്.
കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. ആലപ്പുഴയില്‍ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിരുന്നു. മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടില്‍ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജനു (55) മേല്‍ മണ്ണിടിഞ്ഞു വീണത്.