Share this Article
image
എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ്; പച്ചക്കറി മുറിക്കാനുള്ളതെന്ന് വിശദീകരണം; നഷ്ടപരിഹാരമായി സൗജന്യ ബിസിനസ് ക്ലാസ് യാത്ര
വെബ് ടീം
posted on 17-06-2024
1 min read
air-india-passenger-finds-blade-in-flight-meal

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയതായി യാത്രക്കാരന്‍. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് വിഷയത്തില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം. കേറ്ററിങ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്സിപീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്റ പ്രതികരിച്ചു.

സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. ജൂണ്‍ 9 ന് AI 175 വിമാനത്തില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മാത്യു റെസ് പോള്‍ ആണ് പരാതി ഉന്നയിച്ചത്.ബാംഗ്ലൂര്‍-സാന്‍ ഫ്രാന്‍സിസ്‌കോ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിമാനത്തിലായിരുന്നു സംഭവം. അനുഭവം എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങള്‍ മുറിക്കാമെന്നായിരുന്നു വിമര്‍ശനം. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെ പോള്‍ പങ്കുവയ്ക്കുകയും ചെയ്തു.ഭക്ഷണത്തില്‍ ബ്ലേഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉടന്‍ ഫ്ലൈറ്റ് ജീവനക്കാരെ അറിയിച്ചു.ഇവര്‍ ഉടന്‍ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്തെന്നാണ് പോള്‍ പറയുന്നത്. തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്നും പോള്‍ എയര്‍ ഇന്ത്യയെ ടാഗ് ചെയ്ത് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യ തനിക്ക് കത്തെഴുതുകയും നഷ്ടപരിഹാരമായി ലോകത്തിലെവിടെയും സൗജന്യ ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്തതായും യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍ എയര്‍ലൈനിന്റെ ഓഫര്‍ നിരസിച്ചതായും ഇതൊരു കൈക്കൂലിയാണ്, താന്‍ അത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories