Share this Article
വായില്‍ പെപ്പര്‍ സ്പ്രേ അടിച്ചു; മർദിച്ചത് കൊണ്ടാണ് മരിച്ചെന്നു മൊഴി നൽകിയത്; ആരോപണവുമായി അഫ്സാന
വെബ് ടീം
posted on 30-07-2023
1 min read
Afsana against Police

പൊലീസിനെതിരെ ആരോപണവുമായി നൗഷാദ് തിരോധാനക്കേസ് പ്രതി അഫ്സാന. പൊലീസിന്റെ മര്‍ദനം കാരണമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്ന് മൊഴി നല്‍കിയത്. കൊന്നുവെന്ന് മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചു. വനിത പൊലീസ് ഉള്‍പ്പെടെ ക്രൂരമായി മര്‍ദിക്കുകയും വായില്‍  പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്തു. പൊലീസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയില്‍ കാണിച്ചുകൊടുത്തത്. ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി.

നൗഷാദ് മാറിനിന്നതിന്‍റെ കാരണം അറിയില്ല. മദ്യപാനിയായ നൗഷാദ് തന്നെയും കുട്ടികളെയും മര്‍ദിച്ചിരുന്നു. നൗഷാദിനെ താന്‍ മര്‍ദിച്ചുവെന്നത് കള്ളമാണെന്നും അഫ്സാന പറഞ്ഞു. ജാമ്യം ലഭിച്ചശേഷം വീട്ടിലെത്തി അഫ്സാന മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു.

ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു. 

മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്സനായ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories