കൊച്ചി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പരീതിനെയാണ് രാമമംഗലം പൊലീസ് അറസ്റ്റു ചെയ്‌തത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോടാണ് മഫ്‌തിയിലെത്തിയ പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
അവധി ദിവസമായതിനാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു നിന്നിരുന്ന യുവതികളടക്കമുള്ള സംഘത്തോട് ഇയാൾ കയർക്കുകയും തുടർന്ന് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമായി. പൊലീസുകാരനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്‌ത ശേഷം പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി.