Share this Article
Flipkart ads
മലയാളത്തിൽ നന്ദി പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ
Arif Muhammad Khan

കേരളത്തോട് യാത്ര പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  പിണറായി വിജയൻ സർക്കാരുമായി തുടർച്ചയായി ഉണ്ടായ നേർക്കുനേർ ഏറ്റുമുട്ടലുകൾക്കൊടുവിൽ ഔദ്യോഗിക യാത്രയയപ്പിനു പോലും അവസരം ലഭിക്കാതെയാണ് മടക്കം. കേരള ഗവർണർ പദവിയൊഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ, രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതലയേൽക്കും.

ഊർജ്ജം മുതൽ വ്യോമയാനം വരെയുള്ള കേന്ദ്ര മന്ത്രിസഭയിലെ  നിർണായകമായ വകുപ്പുകൾ കൈകാര്യം ചെയ്തതിന്റെ രാഷ്ട്രീയ പാരമ്പര്യവുമായാണ്, 2019 സെപ്റ്റംബർ 6ന് സംസ്ഥാനത്തിന്റെ 22 മത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ നിയമിതനായത്. അദ്ദേഹത്തിന്റെ മുൻഗാമിയായ റിട്ട. ജസ്റ്റിസ് പി സദാശിവവുമായി ഒന്നാം പിണറായി സർക്കാരിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ എത്തിയതോടെ അത് സമാനതകളില്ലാത്ത നേർക്കുനേർ ഏറ്റുമുട്ടലായി. 

നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയനിഴലിൽ നിർത്തി തുടർച്ചയായ പ്രസ്താവനകൾ. സർവ്വകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. എസ്എഫ്ഐ യുമായി തെരുവിൽ ഏറ്റുമുട്ടിയ നാടകീയ സംഭവങ്ങൾ. പിന്നാലെ നീരസം വ്യക്തമാക്കി രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നതിന്റെ ചൂടാറും മുമ്പാണ് ആരിഫ് മുഹമ്മദ് ഖാന്റെ ബിഹാർ ഗവർണറായുള്ള മാറ്റം. 

മലയാളത്തിൽ നന്ദി പറഞ്ഞ് ആണ് ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയത്. സർവ്വകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിന്  എത്താത്തതിനെക്കുറിച്ച് ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തിയില്ല. 

ആരിഫ് മുഹമ്മദ് ഖാന് പകരക്കാരനായി കേരള  ഗവർണറായി  നിയമിതനായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ബുധനാഴ്ച തലസ്ഥാനത്തെത്തും. രണ്ടാം തീയതിയാണ് രാജഭവനിൽ അദ്ദേഹം ചുമതല ഏൽക്കുക. സംസ്ഥാനത്തെ ഭരണസംവിധാനങ്ങളെ വരിഞ്ഞു മുറുക്കാൻ,  കേന്ദ്രസർക്കാർ ഗവർണർ പദവിയെ രാഷ്ട്രീയമായി  ദുരുപയോഗം ചെയ്യുകയാണെന്ന ഇടതു സർക്കാരിന്റെ ആരോപണങ്ങൾക്കിടയിലാണ് രാജേന്ദ്ര അർലേക്കറുടെ വരവ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories