ന്യൂഡൽഹി:ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അതൃപ്തികൾക്കിടയിൽ കാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ഹൈക്കമ്മീഷണർ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ട്രൂഡോ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കേസിൽ പ്രതിയാക്കാനായി ഹൈക്കമ്മീഷണർ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ ഗവണ്‍മെന്റിന്റെ പിന്തുണയ്ക്ക് ഇന്ത്യ മറുപടി നൽകുമെന്നും വാർത്താക്കുറിപ്പിലൂടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ കനേഡിയന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ ഹൈകമ്മിഷണറേയും മറ്റു ഉദ്യോഗസ്ഥരേയും പിന്‍വലിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു.- എന്നാണ് പത്രക്കുറിപ്പില്‍ പറഞ്ഞത്. നേരത്തെ കാനഡ സർക്കാരിന്‍റെ നീക്കത്തിൽ കനേഡിയൻ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പ്രതിയാക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഇതിനെതിരെ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയുടെ പേര് എടുത്ത് പറഞ്ഞായിരുന്നു വിമർശനം. തെളിവുകളൊന്നുമില്ലാതെ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുകയാണെന്നും സ്വന്തം മണ്ണിൽ ഖലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാൻ അസംബന്ധ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. കാനഡയിലെ ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ട്രൂഡോ സർക്കാർ.