കന്യാകുമാരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു വിസ്മയം കൂടി തയ്യാറായി കഴിഞ്ഞു. വിവേകാനന്ദപ്പാറയില്‍ നിന്ന് തിരുവള്ളുവര്‍ സ്മാരകം വരെ ആര്‍ത്തിരമ്പുന്ന കടലിനു മുകളീലൂടെയുള്ള കണ്ണാടിപ്പാലം യാഥാര്‍ത്ഥ്യമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പാലം നാടിന് സമര്‍പ്പിച്ചു.
എല്ലാത്തരം വിനോദ സഞ്ചാരികളുടേയും മനം മയക്കുന്ന മനോഹര തീരമാണ് കന്യാകുമാരിയിലേത്. ആരേയും മോഹിപ്പിക്കുന്ന പഞ്ചാരമണല്‍ത്തരികള്‍ നിറഞ്ഞ ബീച്ച് , പ്രഭാതത്തിലും സായാഹ്നത്തിലും ഉദയാസ്തമയങ്ങള്‍ കാണാനെത്തുന്ന പുരുഷാരം, തിരകള്‍ നിരന്തരം പുണരുന്ന വിവേകാന്ദപ്പാറയെന്ന കടലിലെ ആത്മീയ സ്മാരകവും ധ്യാന മണ്ഡപവും, ഏറെ അകലെയല്ലാതെ തമിഴ് ഇതിഹാസ കാവ്യമായ തിരുക്കുറലിന്റെ സൃഷ്ടാവ് തിരുവള്ളുവരുടെ സ്മാരകം. കന്യാകുമാരിയില്‍ കാഴ്ചകളുടെ വൈവിധ്യം അനവധിയാണ്. അതിന്റെ കൂട്ടത്തിലേക്കാണ് മറ്റൊരു വിസ്മയ നിര്‍മ്മിതി കൂടി ചേര്‍ക്കപ്പെടുന്നത്.
ഇന്ത്യയില്‍ കടലില്‍ നിര്‍മ്മിച്ചിരിക്കുന്ന ആദ്യത്തെ ഗ്ലാസ് പാലം കൂടിയാണിത്. 77 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലം 37 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.കടല്‍ക്ഷോഭത്തെയും കടല്‍ക്കാറ്റിനെയും പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ബൗസ്ട്രിംഗ് ആര്‍ച്ച് പാലം കന്യാകുമാരിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.
പാലത്തിന് 2.5 മീറ്റര്‍ വീതിയുള്ള ഗ്ലാസ് ബേസ് നടപ്പാതയുണ്ട്. അങ്ങനെ കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം തിരുവള്ളുവര്‍ പ്രതിമയുടെയും വിവേകാനന്ദപാറയുടെയും സൗന്ദര്യവും യാത്രക്കാര്‍ക്ക് ആസ്വദിക്കാം. പുതുവര്‍ഷത്തില്‍ പുതിയ ഗ്ലാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാനാണ് തീരുമാനം.