തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ താത്കാലിക ഡോക്ടര്‍ നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്.
അഖില്‍ സജീവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ അഖിലിനെതിരെ അഞ്ച് കേസുകള്‍ ഉണ്ട്.
ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖില്‍ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. അഡ്വാന്‍സായി തുക നല്‍കിയെങ്കിലും നിയമനം നടക്കാത്തതിനാല്‍ ഹരിദാസന്‍ ഏപ്രില്‍ 9ന് തിരുവനന്തപുരത്തെത്തി. 10ന് സെക്രട്ടേറിയറ്റിന് പുറത്തുവച്ച് അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷംരൂപ നല്‍കിയെന്നുമാണ് ഹരിദാസന്‍ പറയുന്നത്. അഖില്‍ സജീവ് ഒരു തവണയാണ് അഖില്‍ മാത്യുവിന്റെ ഫോട്ടോ ഹരിദാസനെ കാണിച്ചത്. സെക്രട്ടേറിയറ്റിനു മുന്നില്‍വച്ച് കണ്ടത് അഖില്‍മാത്യുവാണോ എന്ന് ഹരിദാസന് ഉറപ്പില്ല. അയാളാണെന്ന വിശ്വാസത്തിലാണ് പണം നല്‍കിയതെന്നു ഹരിദാസന്‍ പറയുന്നു. മറ്റൊരാളെ കാണിച്ച് അഖില്‍ സജീവ് തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു.
അഖില്‍ മാത്യുവിനെ ഹരിദാസന്‍ കണ്ടിട്ടില്ലെന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ പൊലീസിനു മനസിലായത്. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കാന്‍ പൊലീസ് കത്തു നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലാണ് വീണാ ജോര്‍ജിന്റെ ഓഫിസ്. ഈ കെട്ടിടത്തില്‍ 100 സിസിടിവികള്‍ സ്ഥാപിച്ചിട്ടുള്ളതായി പൊതുഭരണ വകുപ്പ് പറയുന്നു. ഏപ്രില്‍ 9, 10 തീയതികളില്‍ സെക്രട്ടേറിയറ്റില്‍ അഖില്‍ മാത്യുവിനെ കാണാനെത്തിയെന്നാണ് ഹരിദാസന്റെ മൊഴി.