കൊച്ചി: ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോടേ് 'നോ ബോഡി ടച്ചിങ്, പ്ലീസ്' എന്ന് പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ് ജന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചില്ല
കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.
അതേസമയം, വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. 'വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?'.സുരേഷ് ഗോപി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ മാധ്യമപ്രവര്‍ത്തക പൊലീസിന് മൊഴി നല്‍കി. നടക്കാവ് പൊലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം, സ്റ്റേഷനില്‍ ഹാജരാകാന്‍ സുരേഷ് ഗോപിക്കു നോട്ടിസ് അയയ്ക്കും.
സംഭവത്തില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപ്പോലെയാണു കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്.