Share this Article
നെഹ്‌റു ട്രോഫി വള്ളം കളി; വീയപുരം ചുണ്ടൻ ജല രാജാവ്;ഫോട്ടോഫിനിഷ്
വെബ് ടീം
posted on 12-08-2023
1 min read
VEEYAPURAM CHUNDAN WINS NEHRU TROPHY BOAT RACE

ആലപ്പുഴ: 69ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടൻ ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.  നടുഭാ​ഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽതെക്കേതിൽ നാലാം സ്ഥാനത്തും എത്തി.ഹീറ്റ്‌സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം. വിനോദ് പവിത്രനാണ് പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ സാരഥികള്‍. 

ഒന്നാം ലൂസേഴ്സ് ഫൈനലിൽ നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം ലൂസേഴ്സ് ഫൈനലിൽ ആനാരി ചുണ്ടൻ ഒന്നാം സ്ഥാനം സ്വന്തമാക്കി. തേർഡ് ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരി വിജയിച്ചു. 

വീയപുരം, നടുഭാഗം, കാട്ടില്‍തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയത്. കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

വീയപുരം, വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ ചുണ്ടനുകളാണ് ആദ്യ ഹീറ്റ്‌സില്‍ അണിനിരന്നത്. വീയപുരമാണ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. 

രണ്ടാം ഹീറ്റ്‌സില്‍ ദേവസ്, നടുഭാഗം, സെന്റ് ജോര്‍ജ്, ചമ്പക്കുളം ചുണ്ടനുകളാണ് രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ചത്. രണ്ടാം ഹീറ്റ്‌സില്‍ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗമാണ് ഒന്നാമതെത്തിയത്. 

മൂന്നാം ഹീറ്റ്‌സില്‍ കരുവാറ്റ, ശ്രീവിനായകന്‍, പായിപ്പാടന്‍, മഹാദേവികാട് കാട്ടില്‍തെക്കേതില്‍, ആയപറമ്പ് പാണ്ടി ചുണ്ടനുകളാണ് മത്സരിച്ചത്. കാട്ടില്‍തെക്കേതിലാണ് മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്. പൊലീസ് ബോട്ട് ക്ലബാണ് കാട്ടില്‍തെക്കേതിലിനായി തുഴഞ്ഞത്. 

നാലാം ഹീറ്റ്‌സില്‍ സെന്റ് പയസ് ടെന്‍ത്, ആനാരി, തലവടി, ജവഹര്‍ തായങ്കരി ചുണ്ടനുകളാണ് അണിനിരന്നത്. മൂന്നാം ട്രാക്കില്‍ മത്സരിച്ച തലവടി ചുണ്ടനാണ് ഒന്നാം സ്ഥാനത്തെത്തിയത്. തലവടി ബോട്ട് ക്ലബാണ് തലവടി ചുണ്ടനായി തുഴഞ്ഞത്. 

അഞ്ചാം ഹീറ്റ്‌സില്‍ മൂന്ന് ചുണ്ടനുകളാണ് മത്സരിച്ചത്. കാരിച്ചാല്‍, ആലപ്പാടന്‍ പുത്തന്‍, നിരണം ചുണ്ടനുകളാണ് മത്സരിച്ചത്. ഫോട്ടോ ഫിനിഷിലാണ് അവസാന ഹീറ്റ്‌സില്‍ വിജയിയെ നിശ്ചയിച്ചത്. നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. 15 തവണ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടനെ പിന്തള്ളിയാണ് നിരണം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories