ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് ഓരാണ്ട് തികയുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഹമാസിന്റെ നേതാക്കളും ഉണ്ട്. പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കിലും നേതൃനിരയിലുള്ളവരെ ഇല്ലാതാക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു എന്നത് ഹമാസിനെ ആശങ്കയിലാഴ്ത്തുന്ന കാര്യം തന്നെയാണ്.
യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്കകം ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കും എന്നവകാശപ്പെട്ടെങ്കിലും ഹമാസ് നേതൃനിരയിലെ പ്രധാനികളിലൊരാള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വരുന്നത് പിന്നെയും മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ്.
2024 ജനുവരിയില്‍ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശമായ ദാഹിയെയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് ഡെപ്യൂട്ടി ലീഡര്‍ സ്വാലിഹ് അല്‍ അരൂരി കൊല്ലപ്പെട്ടു. അന്ന് അരൂരിക്കൊപ്പം കൊല്ലപ്പെട്ടവരില്‍ ഹമാസ് സായുധ വിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്ന സമീര്‍ ഫിന്‍ഡി, അസ്സാം അല്‍-അഖ്റ എന്നിവരും ഉണ്ടായിരുന്നതായി പിന്നീട് തിരിച്ചറിഞ്ഞു.
മാര്‍ച്ച് ആദ്യത്തില്‍ സെന്‍ട്രല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മര്‍വാന്‍ ഇസയും മുതിര്‍ന്ന കമാന്‍ഡര്‍ ഗാസി അബു തമയയും കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം .
2017 മുതല്‍ ഏഴു വര്‍ഷക്കാലം ഹമാസിനെ നയിച്ച രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയേ കൊല്ലപ്പെട്ടതാണ് ഹമാസിനെ ഏറ്റവും പ്രതിരോധത്തിലാക്കിയത്.
ജൂലൈ 31 ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണച്ചടങ്ങിനായി ഇറാനിലെത്തിയപ്പോഴായിരുന്നു കൊലപാതകം. ഇതിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തില്ലെങ്കിലും ഇസ്രയേല്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഹമാസ് പറയുന്നു.
മൂന്ന് മാസം മുമ്പ് നടന്ന ഓപ്പറേഷനില്‍ ഹമാസ് ഗവണ്‍മെന്റ് തലവനും ഹമാസിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ റാവി മുഷ്തഫയെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന വ്യാഴാഴ്ചയാണ് അറിയിച്ചത്.