സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളി കെ.വി വിശ്വനാഥനും ജസ്്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയുമാണ് ചുമതലയേറ്റത്.ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ വി വിശ്വനാഥന്‍, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വിരമിച്ച ജഡ്ജിമാരായ ദിനേശ് മഹേശ്വരി, എം ആര്‍ ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ഇരുവരെയും ശുപാര്‍ശ ചെയ്തത്. ഇവരുടെ നിയമനത്തോടെ സുപ്രീംകോടതി 34 ജഡ്ജിമാരുടെ പൂര്‍ണ അംഗത്വത്തിലേക്ക് തിരിച്ചെത്തി. 32 വര്‍ഷമായി അഭിഭാഷകവൃത്തിയിലുള്ള വിശ്വനാഥന്‍ 2009ലാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക പദവിയിലെത്തിയത്. പ്രധാന കേസുകളില്‍ ഇദ്ദേഹത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2030ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെവി വിശ്വനാഥന്‍ എത്തും.2031 മെയ് 25 വരെയാകും ഇദ്ദേഹത്തിന് പദവിയില്‍ തുരാനാകുക. പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ്. 2021 ഒക്ടോബര്‍ 13 നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഛത്തിസ്ഡഡില്‍ നിന്നുള്ള പ്രശാന്ത് കുമാര്‍ മിശ്ര നിയമിതനാകുന്നത്. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജിയായും ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.