വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏർപ്പെടുത്തി കെഎസ്ആര്‍ടിസി. ഈ അധ്യായന വർഷം മുതൽ കൺസഷൻ ഓൺലൈൻ ആയി അപേക്ഷിക്കാം. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.
വിദ്യാര്‍ത്ഥി കൺസെഷനിനായി കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌റ്റർ ചെയ്യുന്നതായിരുന്നു നേരത്തെ തുടർന്നു വന്ന രീതി. എന്നാൽ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതോടെ തിരക്കും കാലതാമസവും ഒഴിവാക്കാൻ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടൽ.
വിദ്യാർത്ഥികൾക്ക് ഇനി രജിസ്‌ട്രേഷനായി concessionksrtc.com എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം. വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍, വെബ്സൈറ്റിൽ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് വരും.
പിന്നാലെ അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്‌കൂള്‍, അപ്ലിക്കേഷൻ അംഗീകരിക്കണം. തുടർന്ന്, ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം കൺസെഷൻ അപ്രൂവ് അകും. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS കിട്ടുന്നതിനൊപ്പം ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭിക്കും. വൈകാതെ തന്നെ ഡിപ്പോയിലെത്തി തുക അടയ്ക്കാനാകും.
കണ്‍സെഷന്‍ കാര്‍ഡ് എപ്പോൾ ലഭ്യമാകുമെന്ന് SMS വഴി അറിയാനാകും. വിദ്യാര്‍ത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ഉണ്ട്. അതേസമയം, അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം അറിയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കാനായി വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. KSRTC യിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളും.
സ്വന്തമായോ അക്ഷയ തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. മൂന്നുമാസമാണ് സ്റ്റുഡന്‍സ് കണ്‍സഷന്റെ കാലാവധി.