ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് സംബന്ധിച്ച് നടത്തിപ്പുകാർ തങ്ങളുടെ വാദവുമായി രംഗത്ത്. തിരയേറ്റത്തില്‍ ബ്രിഡ്ജ് തകര്‍ന്നതല്ലെന്നും അഴിച്ചു വച്ചതാണെന്നുമാണ് നടത്തിപ്പുകാരുടെ വാദം.അതേ സമയം മതിയായ സുരക്ഷാ പരിശോധനകളില്ലാതെയാണ് പദ്ധതി തുടങ്ങിയതെന്ന ആരോപണമുയര്‍ത്തി നഗരസഭയിലെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തുള്ള ഫ്ളോട്ടിങ് ബ്രിഡ്ജ്. ടൂറിസം വകുപ്പിന്‍റെ ഡസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കൗണ്‍സില്‍ പദ്ധതിയില്‍ ബീച്ച് ബ്രദേഴ്സ് ചാവക്കാട് എന്ന സ്വകാര്യ കമ്പനിയാണ് എണ്‍പത് ലക്ഷം രൂപ ചെലവില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ചത്. ഇന്നലെ വേലിയറ്റത്തെത്തുടര്‍ന്നുണ്ടായ കനത്ത തിരയില്‍ ബ്രിഡ്ജിന്‍റെ ഒരുഭാഗം തകരുകയായിരുന്നുവെന്നാണ് ആരോപണം. ബാക്കിയുള്ള ഭാഗം ബിബിസി കമ്പനി ജീവനക്കാര്‍ തന്നെ ട്രാക്ടര്‍ ഉപയോഗിച്ച് കരയ്ക്ക് വലിച്ചു കയറ്റിയും വച്ചു. ഫ്ളോട്ടിങ് ബ്രിഡ്ജ് വേലിയേറ്റത്തില്‍ തകര്‍ന്നതല്ലെന്ന വാദമാണ് നടത്തിപ്പുകാരുടേത്.
ഗുരുവായൂര്‍ തീര്‍ഥാടകരടക്കം നൂറുകണക്കിനാളുകള്‍ പ്രതിദിനമെത്തുന്ന ബ്ലാങ്ങാട് കടപ്പുറത്ത് വിനോദത്തിനായൊരുക്കിയ ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെ സുരക്ഷ ഓഡിറ്റ് നടത്തണമെന്നാണ് നഗരസഭാ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒരുസമയം നൂറുപേര്‍ക്കാണ് ഫ്ളോട്ടിങ് ബ്രിഡ്ജില്‍ കയറി നില്‍ക്കാനാവുന്നത്. തിരക്കുള്ള നേരത്ത് അപകടമുണ്ടായാല്‍ ഇപ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പര്യാപ്തമല്ലെന്നുമാണ് നാട്ടുകാരുടെ വാദം.