Share this Article
കൊല്ലം സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കും; വീട് വയ്ക്കാന്‍ സ്ഥലം ദാനം നല്‍കി പുരോഹിതന്‍
വെബ് ടീം
posted on 04-08-2023
1 min read
PRIEST GIVE FREE LAND FOR KOLLAM SUDHI FAMILY

മലയാളികൾക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. അതിന് ശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ കഷ്ടപ്പാടുകള്‍ ഏറെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. 

നേരത്തെ തന്നെ വീട് വയ്ക്കാന്‍ സഹായവുമായി പലരും വന്നെങ്കിലും സ്ഥലം ആയിരുന്നു പ്രശ്നം ഇപ്പോള്‍ വീട് വയ്ക്കാന്‍ സ്ഥലം സൌജന്യമായി നല്‍കിയിരിക്കുകയാണ് ഒരു പുരോഹിതന്‍. അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്‍റ് സ്ഥലം ദാനം നല്‍കിയത്. 

സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ ഭാര്യ രേണുവും മകന്‍ രാഹുലും അത് സംബന്ധിച്ച രേഖകള്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നിന്നും ഏറ്റുവാങ്ങി.  കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്.

തന്‍റെ കുടുംബസ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിക്കും കുടുംബത്തിനും നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും വീടുപണി ഉടന്‍ ആരംഭിക്കുമെന്നും  ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.

സുധിച്ചേട്ടന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് സഫലമാകുന്നതെന്നാണ് സ്ഥലം ലഭിച്ചതിനെക്കുറിച്ച് സുധിയുടെ ഭാര്യ രേണു പറഞ്ഞു. നിരവധിപ്പേരാണ് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആശംസകള്‍ നേരുന്നത്. 

ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories