ബെംഗളൂരു: കന്നഡ നടൻ സൂരജിന് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്.ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂരജിന്റെ വലതുകാലിന് സാരമായി പരിക്കേറ്റിരുന്നു. ജീവൻ രക്ഷിക്കുന്നതിന് വേണ്ടി സൂരജിന്റെ വലതുകാൽ മുറിച്ചുമാറ്റിയതായാണ് റിപ്പോർട്ട്. കാൽമുട്ടിന് താഴെ വെച്ചാണ് അദ്ദേഹത്തിന്റെ കാല് മുറിച്ചു മാറ്റിയതെന്നാണ് വിവരം. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം.ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. നടൻ രാജ്കുമാറിന്റെ ഭാര്യ പരവതമ്മയുടെ അനന്തരവനാണ് ധ്രുവൻ എന്നറിയപ്പെടുന്ന സൂരജ്. 24 വയസ്സാണ് സൂരജിന്. ചലച്ചിത്ര നിർമ്മാതാവ് എസ് എ ശ്രീനിവാസിന്റെ മകനാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഭാര്യയും സൂരജിനെ ആശുപത്രിയിൽ സന്ദർശിച്ചു.