റിയാദ്: പെരുന്നാൾ അവധി ആഘോഷിക്കാൻപോയ രണ്ട് മലയാളി യുവാക്കൾ സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്തുപാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം കുറിച്ചിത്താനം മണ്ണയ്ക്കനാട് പാലത്താനത്ത് പി.കെ. അഗസ്റ്റിന്റെ മകൻ പി.എ.എബി (41) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഖത്തറിൽനിന്ന് ബഹ്റൈനിലേക്ക് പോകുന്ന വഴിയാണ് അപകടം.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് നാലംഗസംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. സൗദി അതിർത്തി കടന്ന് 80 കിലോമീറ്റർ സഞ്ചരിച്ചശേഷം ഹഫൂഫിൽ എത്തുന്നതിനുമുമ്പ് വാഹനം മറിയുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിലെ മണൽത്തിട്ടയിൽ കയറിയാണ് നിയന്ത്രണം നഷ്ടമായത്.
എം.ബി.എ. ബിരുദധാരിയായ എബി 10 വർഷമായി ഖത്തറിലാണ്. വൈദ്യുതിവിളക്കുകളുടെ ബിസിനസ് ആയിരുന്നു. ഭാര്യ കട്ടപ്പന ചെമ്പകപ്പാറ സ്വദേശിനി ആഷയും മക്കളായ റെയ്‌സയും റെയാനും അടുത്തകാലത്താണ് എബിയുടെ അടുത്തേക്കുപോയത്. എബി മാർച്ചിലാണ് വീട്ടിൽവന്ന് മടങ്ങിയത്. അമ്മ: കൊച്ചുറാണി ഇടമറ്റം മുണ്ടാട്ട് കുടുംബാംഗം.