Share this Article
'ശബരി റെയില്‍പാത ആദ്യഘട്ടത്തില്‍ ഒറ്റവരിപ്പാത; ഇരട്ടപ്പാത അടുത്ത ഘട്ടത്തിൽ; ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ട'
വെബ് ടീം
11 hours 57 Minutes Ago
1 min read
sabari rail project

തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി-എരുമേലി-നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1997-98ലെ റെയില്‍വേ ബജറ്റിലെ നിര്‍ദ്ദേശമായ അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശബരി റെയില്‍വേ ലൈന്റെ  എട്ട് കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റര്‍ പാതയുടെ നിര്‍മാണം വളരെ മുമ്പുത്തന്നെ പൂര്‍ത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേല്‍പ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിര്‍മാണം വിഭാവനം ചെയ്തിരുന്നു. അടുത്ത 70 കിലോമീറ്റര്‍ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019ലെ റെയില്‍വേ ബോര്‍ഡിന്റെ കത്ത് മുഖാന്തിരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു.

ശബരി പദ്ധതിയുടെ 50% തുക സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു. പൂര്‍ണമായും റെയില്‍വേ ഫണ്ടില്‍ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചിലവ് കണക്കാക്കിയ പദ്ധതിയുടെ 50% ചിലവ് കിഫ്ബി വഴി വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണ ചെലവ് 3,800.93 കോടി രൂപയായി വര്‍ധിച്ചു. റെയില്‍വേ ബോര്‍ഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെങ്കിലും പദ്ധതി റെയില്‍വേ പുനരുജ്ജീവിപ്പിച്ചിട്ടില്ല.

കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയില്‍ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂര്‍-പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ഇടുക്കി കലക്ടര്‍ വി വിഗ്‌നേശ്വരി കോട്ടയം കലക്ടര്‍ ജോണ്‍ വി സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories