കോഴിക്കോട്: തൊട്ടിൽപ്പാലത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതി പിടിയിൽ. പിടിയിലായത് വടകരയ്ക്കടുത്ത് നിന്നാണ്. കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദ് അലിയാണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതി സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പിടികൂടിയെന്നാണ് വിവരം.
പീഡനത്തിന് ശേഷം പ്രതി ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.കോഴിക്കോട്ടെ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. കുണ്ടുവീട്ടിലെ ആൾതാമസമില്ലാത്ത വീടിന്റെ പൂട്ട് തകർത്താണ് തൊട്ടിൽപ്പാലം പൊലീസ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പ്രതി ലഹരിക്ക് അടിമയാണെന്നും വീട്ടിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെത്തിയിരുന്നു. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ബുധനാഴ്ചയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്. പൊലീസ് വീട്ടിലെത്തുമ്പോൾ പെൺകുട്ടിയെ വിവസ്ത്രയാക്കി മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.