പാലക്കാട്: ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് ക്രിസ്മസ് നക്ഷത്രങ്ങള്‍ കൊണ്ടല്ല മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍. ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും' സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ''ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ'' എന്നായിരുന്നു പരസ്യം.
സന്ദീപ് വാര്യരുടെ കുറിപ്പ്:
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വര്‍ഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികള്‍ക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുക ?
ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.