Share this Article
നടപടി മുഖ്യമന്ത്രി തീരുമാനിക്കും; എന്‍ പ്രശാന്തനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി കൈമാറി
വെബ് ടീം
posted on 10-11-2024
1 min read
n prashant

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍ പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതുവരെ നടന്ന പരസ്യപ്രതിഷേധങ്ങളും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. ഈ ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്നതാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.

അതേസമയം എന്ത് നടപടിയാണ് ഉണ്ടാകുക എന്നത് വ്യക്തമല്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.

പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അദ്ദേഹം നീക്കം ചെയ്തിരുന്നു.ഇന്ന് വീണ്ടും അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത് രംഗത്തെത്തി. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേ സമയം  മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ  വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ.ചീഫ് സെക്രട്ടറി നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories