ഗ്രാമങ്ങളിലൂടെ ഓടുന്നതിനായി സംസ്ഥാനത്ത് 300 കെഎസ്ആർടിസി ബസ്സുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആർടിസി ബസുകൾ ഓടിക്കും. ബസ്സുകൾക്ക് സംസ്ഥാനത്ത് വലിച്ച് വാരി റൂട്ട് പെർമിറ്റ് നൽകുന്നത് ഒഴിവാക്കാനും തീരുമാനം.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആർടിസി ബസുകൾ ഓടിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിനായി ഗ്രാമങ്ങൾക്ക് മാത്രമായി 300 ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ബസുകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർക്ക് കൂടുതൽ സർവീസ് ഉറപ്പുവരുത്താനാണ് കെഎസ്ആർടിസിയുടെ നീക്കം. എന്നാൽ ബസുകൾക്ക് വലിച്ച് വാരി റൂട്ട് പെർമിറ്റ് നൽകുന്നത് ഒഴിവാക്കും. ഇതിനായി എംഎൽഎമാർക്ക് കത്ത് നൽകിയിട്ടുണ്ട്.
വേഗപ്പൂട്ട് വിച്ഛേദിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയും ഉണ്ടാകും. വേഗപ്പൂട്ട് വിച്ഛേദിക്കുന്നവരെ ക്രിമിനൽ കേസിൽ പ്രതിയാക്കും. കമ്പനിയാണ് ഇത് ചെയ്യുന്നതെങ്കിൽ അവരുടെ ഡീലർഷിപ്പ് റദ്ദ് ചെയ്യുന്ന നടപടികളും സ്വീകരിക്കും.
ബസ്സുകൾ കഴുകുന്നതിന് ഹൗസ് കീപ്പിംഗ് വിംഗ് ഉണ്ടാകും. ഇവർ ബസിന്റെ വൃത്തി പരിശോധിക്കും. ബസുകൾ കഴകുന്നതിന് പവർഫുൾ കംപ്രസർ വാങ്ങിയിട്ടുണ്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു. പുതിയ നടപടികളിലൂടെ കെഎസ്ആർടിയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നീക്കമാണ് ഗതാഗത വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.