വിയറ്റ്നാമില്‍ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 60-ലധികം പേര്‍ മരിച്ചു. വടക്കന്‍ വിയറ്റ്‌നാമിലെ ഫോങ് ചൗ പാലം തകര്‍ന്ന് 13 പേരെ കാണാതായി.
ഏഷ്യയിലെ ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി, ശനിയാഴ്ചയാണ് വിയറ്റ്‌നാം തീരംതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 60 കടന്നു.
വടക്കന്‍ വിയറ്റ്‌നാമിലെ ഫോങ് ചൗ പാലം തകര്‍ന്ന് 13 പേരെ കാണാതായി. അപകടത്തിപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയെന്ന് ഉപ പ്രധാനമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോണ്ടൂണ്‍ പാലം നിര്‍മിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണിക്കൂറില്‍ 203 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹായ് ഫോങ്, ക്വാങ് നിങ് പ്രദേശങ്ങളെയാണ് ചുഴലിക്കാറ്റ് കൂടുതലായും ബാധിച്ചത്.
തീരപ്രദേശത്ത് നിന്ന് 50,000-ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ഹനോയ് ഉള്‍പ്പെടെ 12 വടക്കന്‍ പ്രവിശ്യകളില്‍ സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു.
യാഗി ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറിയെങ്കിലും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.