ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി തലസ്ഥാന നഗരി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യെച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എകെജി ഭവനില്‍ നിന്നാരംഭിച്ച വിലാപയാത്രയില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സ്വന്തം ശരീരം സമര്‍പ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിശ്ചയമായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഉന്നത നേതാക്കളും പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
യെച്ചൂരിയുടെ വസതിയില്‍ നിന്ന് 10.15 ഓടെയാണ് മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ എത്തിച്ചത്. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എംഎ ബേബി തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. പ്രിയസുഹൃത്തും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന പ്രകാശ് കാരാട്ട് മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം.