തിരുവനന്തപുരം: കോട്ടയത്തെ ആകാശപാത നിർമാണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വാഭാവികമായും അതുവഴി പോകുന്നവര്‍ ഇത് എന്താണെന്ന് ആലോചിക്കാറുണ്ട്. എറണാകുളത്ത് ബിനാലെയ്ക്ക് വന്ന കലാകാരന്‍ എം.എല്‍.എയോടുള്ള ബന്ധത്തിനുപുറത്ത് നിര്‍മിച്ച ശില്‍പമാണെന്നാണ് വിചാരിച്ചതെന്നും മന്ത്രി പറഞ്ഞു. നിർമാണം പൂർത്തീകരിക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രിയായി സ്ഥലം ഏറ്റെടുത്തപ്പോഴാണ് ഇതൊരു സ്കൈവാക്ക് ആണെന്ന് മനസ്സിലായത്. പദ്ധതിക്ക് സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് അന്നത്തെ കളക്ടർ റിപ്പോർട്ട് നൽകിയത്. സൗജന്യമായി ഭൂമി വിട്ടുനൽകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതി. കോര്‍പ്പറേഷന്റെ സ്ഥലം മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. ബാക്കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ വരും. പള്ളിയും കേന്ദ്രസര്‍ക്കാരിന്റെ തപാല്‍ വകുപ്പിനും സ്ഥലമുണ്ട്. പണം നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റിക്ക് അധികാരമില്ല.സ്കൈവാക്ക് ഘടനയിൽ മതിയായ തൃപ്തിയില്ലെന്ന് പാലക്കാട് ഐ.ഐ.ടിയുടെ റിപ്പോർട്ട്. നിർദിഷ്ട സ്കൈവാക്കിന്റെ അപര്യാപ്തമായ സ്ട്രക്ചർ ശക്തിപ്പെടുത്താൻ സാധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷൻ അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്കൈവാക്കിന് സ്റ്റെയർകേസിനൊപ്പം ലിഫ്റ്റും വേണമെന്നാണ് നാറ്റ്പാക്ക് പറയുന്നത്. ആറ് ലിഫ്റ്റും മൂന്ന് സ്റ്റെയർകേസും ഉൾപ്പെടെ പദ്ധതിച്ചെലവ് 17.80 കോടി രൂപ വേണ്ടി വരും.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനാവില്ലെന്നാണ് അവസാനമായി നൽകിയ റിപ്പോർട്ടിൽ കളക്ടർ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ പദ്ധതി പൂർത്തികരിച്ചാൽ പിന്നീട് ജില്ലയുടെ തുടർവികസനത്തിന്റെ ഭാഗമായി നിർമാണം പൊളിച്ചുകളയേണ്ടി വരും. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ ചെയ്തിരിക്കുന്നത്. 17 കോടി ചിലവാക്കി സ്കൈവാക്ക് നിർമിക്കാമെന്ന് വിചാരിച്ചാലും പൊളിക്കേണ്ടി വരുമെന്നും ഗണേഷ് കുമാർ സഭയിൽ പറഞ്ഞു.
നിര്‍മാണപ്രവര്‍ത്തനം നിശ്ചലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു നടപടി. ഒരു ദിവസം ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ അതുവഴി കടന്നുപോകുന്നുണ്ട്. കോട്ടയത്തെ സ്‌കൈ വാക്ക് ഒഴിച്ചുള്ള എല്ലാ ആകാശപാതകള്‍ക്കും സര്‍ക്കാര്‍ അനുമതി നൽകി. ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ, ഈ പ്രൊജക്ട് മാത്രം മന്ദീഭവിച്ച് കിടക്കുകയാണ്. ഈ സ്‌കൈവാക്കിന്റെ പണി പൂര്‍ത്തീകരിക്കണം. എം.എല്‍.എ ഫണ്ടും ഇതിനായി നല്‍കാം. പിണറായി സര്‍ക്കാര്‍ ഇത് പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു.