ഫ്രഞ്ച് വിപ്ലവത്തിന്റെയും ലിബറേഷന്‍ മൂവ്‌മെന്റിന്റെയുമെല്ലാം ചരിത്രം അഭിമാനത്തോടെ ഇന്നും സൂക്ഷിക്കുമ്പോടും പുതുമകളെ പുഞ്ചിരിയോടെ സ്വീകരിച്ച നഗരമാണ് പാരീസ്. വീണ്ടുമൊരിക്കല്‍ കൂടി ഒളിംപിക്‌സെത്തുമ്പോള്‍ പാരീസ് പഴയതിലും സൗന്ദര്യത്തോടെ തയ്യാറാണ്.
പാരീസ്, ഫാഷന്റെയും സ്വപ്നങ്ങളുടെയും പ്രണയത്തിന്റെയും നഗരം. ലോകമെമ്പാടുമുള്ള ബുദ്ധിജീവികളെയും തത്വചിന്തകരെയും സാഹിത്യ - സംഗീതകാരന്‍മാരെയും തന്റെ വശ്യരാവുകളിലേക്കും കല്ലുപാകിയ ഫ്രഞ്ച് ഇടവഴികളിലേക്കും കൊച്ചു കഫേകളിലേക്കും ആകര്‍ഷിച്ച നഗരം.
ചരിത്രവും പ്രാധാന്യവും കൊണ്ട് പെരുമയേറെയുള്ള പാരീസിലേക്ക് വീണ്ടും ഒളിംപിക്സ് എത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെയുണ്ട്. നഗരം ഒളിംപിക്സിന്റെ ആരവങ്ങളില്‍ അമരുമ്പോള്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. കൃത്യം 100 വര്‍ഷം മുമ്പായിരുന്നു പാരീസിലെ രണ്ടാമത്തെ ഒളിംപിക്സ്.ഇതോടെ മൂന്നു തവണ ഒളിംപിക്സിന് ആതിഥ്യമരുളുന്ന മൂന്നാമത്തെ നഗരമായി പാരീസ് മാറുകയാണ്.
ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഒളിംപിക്സിന് 1900 ത്തില്‍ വേദിയായതും പാരീസ് നഗരമാണ്. ചരിത്രം ഒരിക്കല്‍ കൂടി എത്തുമ്പോള്‍ പുതുമകളെ ഉള്‍ക്കൊള്ളിക്കാനും പാരീസ് മറന്നിട്ടില്ല.ആദ്യമായി സ്ത്രീപുരുഷാനുപാതം തുല്യമായ ഒളിംപിക്സാണ് പാരീസിലേത്.
പൊതുവേദിയില്‍ നടക്കുന്ന മാര്‍ച്ച് പാസ്റ്റും, സെന്‍ നദിയില്‍ നടക്കുന്ന കയാക്കിംഗ് അടക്കമുള്ള മത്സരങ്ങളും പാരീസ് ഒളിംപിക്‌സിനെ വേറിട്ടതാക്കും.മത്സരബുദ്ധിക്കും ജയപരാജയങ്ങള്‍ക്കുമപ്പുറം, യുദ്ധങ്ങളെയും മഹാമാരിയെയും വെന്ന് മനുഷ്യചേതന ഒന്നാകലിന്റെയും ഒത്തുചേരലിന്റെയും ആനന്ദം പങ്കു വയ്ക്കുമെന്നതിന്റെ പ്രതീകം കൂടിയാണ് പാരീസ് ഒളിംപിക്സ്.