എഫ് എം റേഡിയോയിൽ 101.9 മെഗാ ഹെഡ്‌സ് തിരയുന്ന ശ്രോതാക്കൾ ഇനി മുതൽ നിരാശയിൽ ആകും. പ്രിയപ്പെട്ട ഗാനങ്ങൾ വിളിച്ചു ചോദിക്കുവാൻ ഇനി അനന്തപുരി എഫ് എം ഇല്ല. അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം നിർത്തി പ്രസാർ ഭാരതി. മുന്നറിയിപ്പ് കൂടാതെയുള്ള ഈ തീരുമാനത്തിൽ വലിയ പ്രതിഷേധം ആണ് ഉണ്ടാകുന്നത്.
2005 കേരള പിറവി ദിനത്തിലാണ് ഒരുപിടി മധുരഗാനങ്ങളുമായി ആദ്യത്തെ എഫ് എം റേഡിയോ ആയ അനന്തപുരി എഫ് എം പിറക്കുന്നത്. അന്ന് മുതൽ ശ്രോതാക്കളുടെ ഹൃദയത്തിലാണ് അനന്തപുരിയുടെ സ്ഥാനം. നാലര ദശലക്ഷം ശ്രോതാക്കളുടെ പ്രിയപ്പെട്ട റേഡിയോ ചാനലാണിത്. കാലാവസ്ഥ, ഗതാഗതം,കുടിവെള്ള വിതരണം, വൈദ്യുതി വിതരണം, ട്രെയിൻ സമയം ഓരോ മണിക്കൂറും ഇടവിട്ടുള്ള പ്രധാന വാർത്തകൾ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിന് ജനലക്ഷങ്ങൾ അശ്രയിച്ചിരുന്ന റേഡിയോ ചാനൽ.
പ്രാദേശിക എഫ് എം സ്റ്റേഷനുകൾ പൂട്ടാനുള്ള കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോൾ അന്തപുരി അടച്ചുപൂട്ടുന്നത്. ഇനി ആകാശവാണിയുടെ പ്രധാന നിലയത്തിലെ പരിപാടികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. എഫ് എമ്മിൽ ഉണ്ടായിരുന്ന ചില പരിപാടികൾ മാത്രം ഇതിൽ ഉൾപ്പെടുത്തും.
തിരുവനന്തപുരത്തിന്റെ സാംസ്കാരിക ജീവിതത്തിൽ നിന്ന് അനന്തപുരിയെ അടർത്തിക്കളയാനുള്ള തീരുമാനത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനു മുൻപും ഓൾ ഇന്ത്യ റേഡിയോയുടെ കീഴിൽ ഉണ്ടായിരുന്ന എഫ് എമ്മിന്റെ പേര് മാറ്റിയതിലും ഹിന്ദി പരിപാടികൾക്ക് മുൻഗണന നൽകിയതിനും എതിരെ ജോൺ ബ്രിട്ടാസ്, വി മുരളീധരൻ തുടങ്ങിയവർ രംഗത്തു വന്നിരുന്നു, തുടർന്നാണ് പേര് അനന്തപുരി വിവിധ് ഭാരതി മലയാളം എന്നാക്കി മാറ്റിയത്.
അനന്തപുരിയുടെ പ്രക്ഷേപണം നിർത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയവർ രംഗത്തെത്തി. ഈ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടീവ് ഗൗരവ് ദിവേദിക്ക് രമേശ് ചെന്നിത്തല കത്തയക്കുകയും ചെയ്തു.
‘ലക്ഷകണക്കിന് ആളുകൾ വാർത്തകൾക്കും വിവരങ്ങൾക്കും വിനോദത്തിനുമായി ആശ്രയിക്കുന്ന ജനപ്രിയ റേഡിയോ ചാനൽ ആണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ കത്ത്. അനന്തപുരി എഫ് എമ്മിന്റെ അടച്ചുപൂട്ടലിനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തു വന്നു. മലയാള ഭാഷയോടുള്ള കേന്ദ്രസർക്കാരിന്റെ കൊലച്ചതിയാണ് അടച്ചുപൂട്ടൽ നടപടിയെന്ന് അദ്ദേഹം വിമർശിച്ചു.