കേരളത്തില്‍ പാലക്കാട്,ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോകസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആദ്യം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് കോണ്‍ഗ്രസാണ്.
നേരത്തെ നിശ്ചയിച്ചതുപോലെ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി തന്നെയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.അതേസമയം ചേലക്കരയില്‍ രമ്യ ഹരിദാസ് തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ടിരിക്കുകയാണ്.
പാലക്കാട് ഏവൂര്‍ ഹേമാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് രമ്യ ഹരിദാസിൻ്റെ പര്യടത്തിന് തുടക്കം കുറിച്ചത്.കൈപ്പത്തി പ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രമാണ് ഈ ക്ഷേത്രം.കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി തെരഞ്ഞെടുക്കാന്‍ ഇന്ദിരാഗാന്ധിക്ക് പ്രചോദനമായത് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണെന്ന് ഒരു കഥയുണ്ട്.
1982 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം കെ കരുണാകരനൊപ്പം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെത്രേ. ക്ഷേത്രത്തിലെത്തിയ ഇന്ദിരാഗാന്ധിയെ ഏറെ ആകര്‍ഷിച്ചത് ഇവിടുത്തെ കൈപ്പത്തി പ്രതിഷ്ഠയാണ്. അനുഗ്രഹിക്കുന്ന കൈപ്പത്തിയുടെ രൂപത്തിലാണ് പ്രതിഷ്ഠ.
പാലക്കാട് ജില്ലയിൽ കല്ലേക്കുളങ്ങര അകത്തേത്തറ എന്ന സ്ഥലത്താണ് കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്.
ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെ വനത്തിൽ ഒരു ദുർഗ്ഗാ ക്ഷേത്രമുണ്ടായിരുന്നുവത്രെ. ദേവിയോടുള്ള ഭക്തി കാരണം കുറൂർ, കൈതമുക്ക് നമ്പൂതിരിമാര്‍ പതിവായി ഏറെ ദൂരം സഞ്ചരിച്ച് ഈ ക്ഷേത്രത്തിൽ എത്തുമായിരുന്നു. എന്നാൽ നമ്പൂതിരിമാർക്ക് പ്രായം ഏറി വന്നപ്പോൾ ഇവിടെ എത്താൻ കഴിയാതെയായി. എങ്കിലും അവർ ദേവിയെ കാണാൻ യാത്ര ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം അവർ ക്ഷീണം സഹിക്ക വയ്യാതെ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നു. അപ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന് അവർക്കു കുറച്ച് പഴങ്ങൾ നല്കുകയും അത് കഴിച്ച് അവർ ദേവിയുടെ സമീപത്തേക്ക് പോവുകയും ചെയ്തു.
അടുത്ത ദിവസം ഇതുവഴി കടന്നുപോകുമ്പോൾ വൃദ്ധ നിന്ന സ്ഥാനത്ത് ഒരു ആനയെയും സമീപത്ത് ദേവിയെയും കണ്ടു. പിന്നീട് അവർ ആ സ്ഥലം വരേ മാത്രം വന്നു പ്രാർഥിച്ചു മടങ്ങാൻ തുടങ്ങി. പ്രായത്തിൻ്റെ അവശതകൾ പിന്നെയും ബാധിച്ചതോടെ അവിടം വരെയും പോകാൻ അവർക്കു വയ്യാതായി. അങ്ങനെ ഒരു ദിവസം ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് താൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളും എന്നറിയിച്ചു.
അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു.
പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാലു അംബികാലയങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. ഏമൂർ ഭഗവതിക്ഷേത്രം എന്നും ഇതിനു പേരുണ്ട്. കേരളത്തിൻരെ നന്മമ്ക്കായി പരശുരാമൻ സ്ഥാപിച്ച ക്ഷേത്രമാണിതെന്നും ഒരു വിശ്വാസമുണ്ട്. കന്യാകുമാരിയിൽ ബാലാംബിക, വടകര ലോകനാർകാവിൽ ലോകാംബിക കൊല്ലൂരിൽ മൂകാംബിക കല്ലേക്കുളങ്ങരയിൽ ഹേമാംബിക എന്നിങ്ങനെ നാലു അംബികാ ക്ഷേത്രങ്ങളാണ് പരശുരാമന്‍ സ്ഥാപിച്ചത്.