ഷേഖ് ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശില്‍ രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി പ്രൊഫസര്‍ മുഹമ്മദ് യൂനുസ് ചുമതലയേല്‍ക്കുമെന്ന് വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം ചൊവ്വാഴ്ച അറിയിച്ചു. ഗ്രാമീണ്‍ ബാങ്ക് എന്ന ആശയത്തിലൂടെ സമ്പദ് വ്യവസ്ഥയെ വിപ്ലവവത്കരിച്ച ഡോക്ടര്‍ യൂനുസ് മുന്‍ നൊബേല്‍ ജേതാവ് കൂടിയാണ്.
ദരിദ്രരുടെ ബാങ്കര്‍ എന്നാണ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് അറിയപ്പെടുന്നത്. മനുഷ്യന്റെ മൗലികാവശങ്ങളിലൊന്നാണ് വായ്പയും എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 1983 ല്‍ ഗ്രാമീണ്‍ ബാങ്ക് എന്ന സംരഭത്തിലൂടെ ആ ആശയം സാക്ഷാത്കരിച്ചു.
മൈക്രോലെന്‍ഡിംഗിലൂടെ ദാരിദ്ര്യം തുടച്ചു നീക്കാനുള്ള ആഗോള പ്രസ്ഥാനത്തിനു തന്നെ അദ്ദേഹത്തിന്റെ ഗ്രാമീണ്‍ ബാങ്ക് വളര്‍ച്ചയേകി. ബംഗ്ലാദേശില്‍ വില്ലേജ് ബാങ്കുകള്‍ എന്നറിയപ്പെട്ട ഈ സംരഭത്തിലൂടെ അദ്ദേഹം കര്‍ഷകരടക്കമുള്ള സമൂഹത്തെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.
ഈ പ്രവര്‍ത്തനങ്ങളെ ലോകം അംഗീകരിച്ചതിന്റെ ഫലമായാണ് 2006 ല്‍ സമാധാനത്തിനുള്ള നൊബേല്‍ അദ്ദേഹത്തെ തേടിയെത്തത്. 2007 ല്‍ ഷേഖ് ഹസീന ജയിലിലായിരിക്കെ യൂനുസ് നാഗോരിക് ശക്തി അഥവാ സിറ്റിസണ്‍ പവര്‍ എന്ന രാഷ്ട്രീയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുകയുണ്ടായി.
എന്നാല്‍ ജയില്‍മോചിതയായി സര്‍ക്കാര്‍ രൂപീകരിച്ച ഹസീന പ്രായാധിക്യം ആരോപിച്ച് യൂനുസിനെ ഗ്രാമീണ്‍ ബാങ്കില്‍ നിന്നു പുറത്താക്കി. ഹസീനയുടെ ഭരണത്തോടും സ്വേച്ഛാധിപത്യപരമായ നയങ്ങളോടും എന്നും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു യൂനുസ്.
2024 ജനുവരിയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യൂനുസിനെ തടവുശിക്ഷയ്ക്ക് വിധിച്ചു. ദീര്‍ഘമായ വീക്ഷണങ്ങളും രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയെക്കുറിച്ച് കൃത്യമായ ദര്‍ശനങ്ങളും വച്ചുപുലര്‍ത്തുന്നയാളാണ് യൂനുസ്. കലാപകലുഷിതമായ ബംഗ്ലാദേശിനെ പുനര്‍നിര്‍മ്മിക്കാന്‍ യൂനുസിനെ പോലാരാള്‍ അനിവാര്യമാണെന്നാണ് കണക്കുകൂട്ടല്‍.