24 മണിക്കൂറിനിടെ ബിഹാറില്‍ തകര്‍ന്ന് വീണത് മൂന്ന് പാലങ്ങള്‍. കനത്ത മഴയെ തുടര്‍ന്ന് സരണ്‍ ജില്ലയിലാണ് പാലം തകര്‍ന്നു വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. 15 ദിവസത്തിനിടെ ബിഹാറില്‍ പത്ത് പാലങ്ങളാണ് തകര്‍ന്നുവീണത്.
കനത്ത മഴ തുടരുന്ന ബിഹാറില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പാലങ്ങളാണ് തകര്‍ന്നടിഞ്ഞത്. സരണ്‍ ജില്ലയില്‍ ഗണ്ഡകി നദിക്കു കുറുകെയുള്ള പാലമാണ് ഒടുവില്‍ തകര്‍ന്നത്. 15 ദിവസത്തിനിടെ ബിഹാറില്‍ പത്ത് പാലങ്ങളാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ജനങ്ങളുടെ ഗതാഗത മാര്‍ഗം പ്രതിസന്ധിയിലായി.
സരണിലെ വിവിധ ഗ്രാമങ്ങളെ സിവാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.ബുധനാഴ്ച സരണിലെ രണ്ടു ചെറിയ പാലങ്ങളും തകര്‍ന്നിരുന്നു.സംസ്ഥാനത്ത് ചെറുപാലങ്ങളുടെ തകര്‍ച്ച സംബന്ധിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടിയന്തര യോഗം വിളിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സര്‍വേ നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിന്നാലെയാണ് വീണ്ടും പാലം തകര്‍ന്നുവീണത്. സിവാന്‍, മധുബനി, അരാറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലെ പാലങ്ങളും കഴിഞ്ഞ ദിവസം തകര്‍ന്നു വീണിരുന്നു.