എക്‌സ്പ്രസ് ഹൈവേകളുടെ വികസനത്തിനും നിര്‍മാണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനായി പ്രത്യേക ബോര്‍ഡിനെ രൂപീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അതിവേഗ പാതകളുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് പകരമായി പുതിയ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് സൂചന
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ദേശീയപാതകളുടെ പദ്ദതി ആവിഷ്‌കരണവും നിര്‍മാണവും ടോള്‍ പിരിവുമടക്കമുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നത്. എക്‌സ്പ്രസ് ഹൈവേകളും ദേശീയ ഹൈവേ അതോറിറ്റിയുടെ കീഴില്‍ തന്നെയാണ് വരുന്നത്.
ഇവ കേന്ദ്രഗതാഗതവകുപ്പിന് കീഴില്‍ വരുന്ന നൂറുദിനപദ്ധതിക്കുള്ളില്‍ വരുന്ന നിലയിലാണ് നിലവില്‍ കണക്കാക്കുന്നത്. എന്നാല്‍ എക്‌സ്പ്രസ് ഹൈവേകള്‍ക്കായി മാത്രം ഒരു പ്രത്യേക ബോഡിയെ രൂപീകരിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിക്കുന്നത്.
പ്രത്യേക നിര്‍മാണ നിയമങ്ങളും ടോളിങ് രീതികളുമുള്ള എക്‌സപ്രസ് ഹൈവേകള്‍ക്ക് മാത്രമായി പ്രത്യേക ബോര്‍ഡുണ്ടായാല്‍ അവയുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ നിഗമനം. എക്‌സ്പ്രസ് റോഡുകളുടെ ആവശ്യം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് ഗുണകരമാകുമെന്നതിനാലാണ് തീരുമാനം.
2047നകം എക്‌സ്പ്രസ് വേയുടെയും ദേശീയ പാത ശൃംഖലകളുടെയും നിര്‍മാണത്തിനായുള്ള ദേശീയ മാസ്റ്റര്‍പ്ലാന്‍ ഇന്ത്യയുടെ ഗതാഗത മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇന്ത്യയിലുടനീളം അന്‍പതിനായിരം കിലോമീറ്റര്‍ വരുന്ന അതിവേഗ പാതകള്‍ക്കാണ് 2047ഓടെ പദ്ധതിയിടുന്നത്. നിലവില്‍ രാജ്യത്ത് 2913 കീലോമീറ്റര്‍ അതിവേഗപാതകളുണ്ട്.