Share this Article
image
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; താറുമാറായി ഹിമാചൽ ടൂറിസം
Heavy rains in North India; Himachal tourism in chaos

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍പ്രദേശില്‍ മാത്രം 187 പേരാണ് മരണപ്പെട്ടത്. തെലങ്കാനയില്‍ ഗോദാവരി നദിയുടെ ജലനിരപ്പ് അപകടനില കടന്നതോടെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഉത്തരേന്ത്യന്‍ മഴക്കെടുതിയില്‍ മുങ്ങിയ പല സംസ്ഥാനങ്ങളും സാധാരണനിലയിലേക്കെത്താന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. ഹിമാചല്‍പ്രദേശിലെ ടൂറിസം താറുമാറായി. ഹിമാചല്‍ പ്രദേശില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചത് 187 പേരാണ്. 34 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും 215 ഓളം പേര്‍ക്ക് പരിക്കേറ്റതായും സംസ്ഥാന ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 

702 ഓളം വീടുകള്‍ പൂര്‍ണമായും 7161 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 241 കടകളും 2218 കന്നുകാലി ഷെല്‍ട്ടറുകളും വെള്ളപൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്.  5620.22 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 650 ഓളം റോഡുകളാണ് അടച്ചത്. ഇതില്‍ മൂന്ന് ദേശീയപാതകളും ഉള്‍പ്പെടുന്നു. 75 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു പ്രളയം ഹിമാചല്‍പ്രദേശ് നേരിട്ടതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. 

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നശിച്ച അവസ്ഥയിലാണ്. അതേസമയം, തെലങ്കാനയില്‍ ഗോദാവരി നദി ജലനിരപ്പ് അപകടനിലയും കടന്നിരിക്കുകയാണ്. ബന്ദ്രചാലം ടൗണ്‍ പ്രളയത്തില്‍ മുങ്ങയ നിലയിലാണ്. ജലനിരപ്പ് 56 അടി എത്തിയിരിക്കുകയാണ്. 60 അടിയില്‍ എത്തിയാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. 

താഴ്ന്നപ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. തെലങ്കാനയില്‍ ഇതുവരെ 16 പേരാണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളും എന്‍ഡിആര്‍എഫ് സംഘങ്ങളും സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജലനിരപ്പ് ഉയരുന്നതുവഴി 27 കോളനികളെയാണ് ഇത് ബാധിക്കുന്നത്. ഇവിടെ 790 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെയെല്ലാം പെട്ടെന്ന് തന്നെ മാറ്റിപാര്‍പ്പിക്കാനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories