പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇസ്രായേല്‍ പ്രസാധകരെ ബഹിഷ്‌കരിക്കാനൊരുങ്ങി എഴുത്തുകാര്‍. നൊബേല്‍,പുലിസ്റ്റര്‍,ബുക്കര്‍ പുരസ്‌കാര ജേതാക്കളായ ആയിരത്തിലേറെ എഴുത്തുകാരാണ് ഇസ്രയേല്‍ പ്രസാധകരെ കൂട്ടത്തോടെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
ഇസ്രയേലി സാസ്‌കാരിക സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാസ്‌കാരിക ബഹിഷ്‌കരണമായാണ് പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.ബുക്കല്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ് ,കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലെയിന്‍ ,നൊബേല്‍ ജേതാവായ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോ,റേച്ചല്‍ കുഷിനര്‍,സാലി റൂണി എന്നിവരാണ് എഴുത്തുകാരുടെ കൂട്ടത്തിലുള്ളത്.
ഇസ്രയേലിന്റെ ഗസ്സ വംശഹത്യയുടെ ആദ്യഘട്ടം മുതല്‍ പലസ്തീനികള്‍ക്കൊപ്പമുണ്ട് അരുന്ധതി റോയ്.2024 ല്‍ പെന്‍ പിന്റര്‍ പുരസ്‌കാരവും അരുന്ധതി റോയിക്കായിരുന്നു.പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സമ്മാനത്തുക പലസ്തീന്‍ കുട്ടികള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് അരുന്ധതി റോയി പ്രഖ്യാപിച്ചത്.
പലസ്തീന്‍ സാഹിത്യോത്സവമായ പാല്‍ഫെസ്റ്റിന്റെ നേതൃത്വത്തിലാണ് എഴുത്തുകാര്‍ ഇസ്രയേല്‍ പ്രസാധകരെ ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. പ്രസാധകരെ ബഹിശ്കരിക്കണമെന്ന സംയുക്ത പ്രസ്താവനയില്‍ എഴുത്തുകാര്‍ ഒപ്പുവെച്ചു.
വംശഹത്യയെ പിന്തുണക്കുന്ന ഇസ്രയേലിലെ പ്രസാധകരുമായി സഹകരിക്കില്ല എന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. മാത്രമല്ല ഇസ്രയേലുമായി ബന്ധമുള്ള സാംസ്‌കാരിക പരിപാടികളിലും ഇവര്‍ പങ്കെടുക്കില്ല.21 ആം നൂറ്റാണ്ടില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഗാസ്സയിലേതെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടി.