ഷോപ്പിയാൻ: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപ്പിയാൻ സ്വദേശിനിയാണ് വധു. ഇൻസ്റ്റഗ്രാമിലൂടെ സർഫറാസ് ആണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. വധുവിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
'കാശ്മീരിൽ വെച്ച് വിവാഹം കഴിക്കാനാണ് എന്‍റെ വിധിയെന്ന് സർവശക്തൻ തീരുമാനിച്ചിരുന്നു. എനിക്ക് ഇവിടുന്ന് ഒരുപാട് സ്നേഹം ലഭിച്ചു. സമയം കിട്ടുമ്പോഴെല്ലാം ഞാൻ ഇവിടം സന്ദർശിക്കും' -സർഫറാസ് പറഞ്ഞു.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ, ഇന്ത്യൻ താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, തിലക് വർമ, അക്ഷർ പട്ടേൽ എന്നിവർ സമൂഹമാധ്യമത്തിൽ താരത്തിന് ആശംസകൾ അറിയിച്ചു. 25 വയസ്സുകാരനായ സർഫറാസ് ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.