ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യന്‍ പങ്കാളിത്തത്തില്‍ മലക്കംമറിഞ്ഞ് കാനഡ.സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിനുള്ള തെളിവുകള്‍ കൈമാറിയിട്ടില്ലെന്ന് സമ്മതിച്ച് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
ഇതു സംബന്ധിച്ച രഹസ്യാന്വേഷണ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. തുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം സംസാരിച്ചിരുന്നതായും ട്രൂഡോ വ്യക്തമാക്കി.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്നും ഇതിനു തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നുമുള്ള അവകാശവാദത്തില്‍ നിന്നാണ് ട്രൂഡോ പിന്നാക്കം പോയത്. ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തിരുന്നു.
നിജ്ജാര്‍ വധക്കേസില്‍ കാനഡ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവുമായി അമേരിക്കയും ബ്രിട്ടണും ന്യൂസിലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗപ്രവേശം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ട്രൂഡോയുടെ പിന്മാറ്റം.