ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗ ബാധ മുറിൻ ടൈഫസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ കഴിഞ്ഞ മാസം 8ന് ആണ് രോഗബാധയേറ്റ എഴുപത്തിയഞ്ചുകാരൻ ചികിത്സ തേടിയത്. ഇന്ത്യയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണെന്ന് ആരോഗ്യ വിദഗ്ധർ. രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം 75 കാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ശക്തമായ ശ്വാസതടസ്സവും കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. എന്നാൽ രോഗബാധയേതെന്ന് സ്ഥിരീകരിക്കാൻ ഡോക്ടർമാർക്ക് തുടക്കത്തിൽ കഴിഞ്ഞിരുന്നില്ല. പിന്നിട് 75കാരൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു എന്ന് മനസ്സിലാക്കിയ ഡോക്ടർമാരുടെ സംഘം സമഗ്രമായ അന്വേഷണം നടത്തി.
ഇതിനിടെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ് എന്ന് വ്യക്തമായി. എന്നാൽ
മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ഈഞ്ചക്കലിലെ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗി സുഖം പ്രാപിച്ചു വരുകയാണ്.
ഇന്ത്യയിൽ വളരെ വിരളമായ ഈ രോഗം എലിയിലെ ചെള്ളി ലൂടെയാണ് പകരുന്നു എന്നാണ് വിദഗ്ധാഭിപ്രായം. പനി, പേശി വേദന, ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമാവുക തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ