Share this Article
പരേതനായ പിതാവിന്റെ സ്വത്തില്‍ വിവാഹമോചിതയായ മകള്‍ക്ക് അവകാശമില്ല; ജീവനാംശം അവകാശപ്പെടാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി
വെബ് ടീം
posted on 15-09-2023
1 min read
DIVORCED DAUGHTER NOT ENTITLED TO DECEASED FATHERS ESTATE

ന്യൂഡല്‍ഹി: പരേതനായ പിതാവിന്റെ സ്വത്തില്‍ വിവാഹമോചിതയായ മകള്‍ക്ക് അവകാശമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹമോചിതയായ മകളെ പിതാവിന്റെ ആശ്രിതയായി നിയമം നിര്‍വചിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിധി.

മാതാവില്‍നിന്നും സഹോദരനില്‍നിന്നും ജീവനാംശം തേടിയുള്ള ഹര്‍ജി തള്ളിയ കുടുംബക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയ്ന്റനന്‍സ് ആക്ട് അനുസരിച്ചാണ് ജീവനാംശം നല്‍കുന്നതെന്നും ആര്‍ക്കൊക്കെയാണ് ഇതിന് അര്‍ഹതയെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജീവനാംശത്തിന് അര്‍ഹരായ, ഒന്‍പതു വിഭാഗത്തില്‍പ്പെട്ട ബന്ധുക്കളുടെ പേരുകളാണ് പട്ടികയിലുള്ളത്. വിവാഹമോചിതയായ മകള്‍ ഇതില്‍ ഇല്ലെന്നു കോടതി പറഞ്ഞു. അവിവാഹിതയോ വിധവയോ ആയ പെണ്‍മക്കള്‍ പട്ടികയിലുണ്ട്, എന്നാല്‍ വിവാഹ മോചിതയായ മകള്‍ ഇല്ല- കോടതി പറഞ്ഞു. 

1999ലാണ് ഹര്‍ജിക്കാരിയുടെ പിതാവ് മരിക്കുന്നത്. ഭാര്യയും ഒരു മകനും രണ്ടു പെണ്‍മക്കളുമാണ് ഇയാള്‍ക്കുള്ളത്. പിതാവിന്റെ മരണശേഷം തനിക്ക് സ്വത്തില്‍ അവകാശമൊന്നും തന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. ജീവനാംശമായി മാസം 45,000 രൂപ വീതം തരാമെന്ന് മാതാവും സഹോദരനും സമ്മതിച്ചിരുന്നെന്നും സ്വത്തില്‍ അവകാശം ചോദിക്കരുതെന്ന വ്യവസ്ഥയിലായിരുന്നു ഇതെന്നും ഹര്‍ജിക്കാരി പറഞ്ഞു. 2014 നവംബര്‍ വരെ ജീവനാംശം തന്നു. അതിനു ശേഷം തരാതായി. ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയതാണെന്നും 2001ല്‍ എക്‌സ് പാര്‍ട്ടിയായാണ് വിവാഹ മോചനം നേടിയതെന്നും ഹര്‍ജിക്കാരി അറിയിച്ചു.

ഭര്‍ത്താവിന്റെ പക്കല്‍നിന്നു തനിക്കു നഷ്ടപരിഹാരമോ ജീവനാംശമോ ഒന്നും ലഭിച്ചിട്ടില്ല. ഭര്‍ത്താവ് എവിടെയെന്ന് അറിയില്ല. ഇതൊന്നും പരിഗണിക്കാതെയാണ് കുടുംബ കോടതി വിധി പറഞ്ഞതെന്നും ഹര്‍ജിക്കാരി വാദിച്ചു. ഹര്‍ജിക്കാരിക്കു വീട് നല്‍കിയതായും 2014 വരെ മാസം 45,000 രൂപ വീതം നല്‍കിയതായും മാതാവ് അറിയിച്ചിട്ടുണ്ട്. പിതാവിന്റെ സ്വത്തിന്റെഓഹരി  ഹര്‍ജിക്കാരി നേരത്തേ കൈപ്പറ്റിയതായാണ് മനസ്സിലാക്കുന്നതെന്നും ഇനി അവകാശമുന്നയിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories