ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായുള്ള തെരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം.
ഗോവന്‍ തീരത്ത് രണ്ട് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഡ്രാണ്ട്ജ്ജെർ എത്തിക്കുന്നതിൽ ശക്തമായ കാറ്റും തടസ്സമാകുന്നു.
കാലാവസ്ഥാ പ്രവചനം അനുസരിച്ച് സെപ്റ്റംബര്‍ 11 വരെ ഉത്തരകന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.
ശക്തിയില്‍ കാറ്റ് വീശുന്നത് ടഗ് ബോട്ടിന്റെ യാത്ര ദുഷ്‌കരമാക്കും. ഈ സാഹചര്യമാണ് ഡ്രഡ്ജര്‍ എത്തിക്കുന്നത്തിൽ അനിശ്ചിതത്വമുണ്ടാകിയത്.
ഗംഗാവലിപ്പുഴയില്‍ ടഗ് ബോട്ട് കൊണ്ടുവരാന്‍ തീരുമാനിച്ച യാത്രാവഴിയിലും വെള്ളത്തിന്റെ നിരപ്പ് കൂടുതലാണ്. ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തിയാണ് പുഴയിലെ ടഗ് ബോട്ടിന്റെ യാത്രാപാത നിശ്ചയിച്ചത്.
രണ്ട് ദിവസത്തിന് ശേഷം കാറ്റും മഴയും ജലപാതയുടെ സ്ഥിതിയും അനുകൂലമെങ്കില്‍ ടഗ് ബോട്ട് പുറപ്പെടും. ഇക്കാര്യം ഡ്രഡ്ജര്‍ കമ്പനി ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.
ഗോവയില്‍ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജര്‍ എത്തിക്കാന്‍ 30-40 മണിക്കൂര്‍ സമയം ആവശ്യമാണ്. അങ്ങനെയെങ്കില്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകും തെരച്ചില്‍ തുടങ്ങാനാകുമെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.
ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്താല്‍ ഡ്രഡ്ജര്‍ കൊണ്ട് വരുന്നതിനും അത് പ്രവര്‍ത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും.
കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഡ്രെഡ്ജിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ഡ്രഡ്ജര്‍ ആണ് ടഗ് ബോട്ടില്‍ സ്ഥലത്തേക്ക് കൊണ്ട് വരിക.
ഇതിന്റെ എല്ലാ ചെലവുകളും വഹിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അര്‍ജുന്റെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചത്.