ബംഗളൂരു: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് ദാരുണസംഭവമുണ്ടായത്. കുട്ടി ചാർജർ പിന്നിൽ കടിക്കുകയായിരുന്നു.
സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. കുഞ്ഞ് ചാർജർ കയ്യിലെടുത്ത് പിൻ വായിൽ ഇടുകയായിരുന്നു. ഷോക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ അച്ഛൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു. സന്തോഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.