Share this Article
19 മലയാളി നഴ്‌സുമാര്‍ കുവൈറ്റ് ജയിലില്‍; തടവറയിൽ മുലയൂട്ടുന്ന അമ്മമാരും;ഇടപെട്ട് ഇന്ത്യന്‍ എംബസി
വെബ് ടീം
posted on 18-09-2023
1 min read
 Malayali nurses in Kuwait jail

കുവൈറ്റ് സിറ്റി/കൊച്ചി : 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ കുവൈറ്റ് ജയിലിൽ.മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്‌സുമാരും ഇതിൽ ഉൾപ്പെടുന്നു . താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിലാണ് അറസ്റ്റ് എന്നാണ് വിവരം. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. 

എന്നാൽ, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു. എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.  

ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയിൽ നടന്നിരുന്ന ആശുപത്രിയിൽ അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

 മുലയൂട്ടുന്ന അമ്മമാരായ  5 മലയാളി നഴ്സുമാർ കൂടി അറസ്റ്റിലായവരിൽ ഉണ്ട്.

അതേ സമയം  കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്‌സും ഇടപെടല്‍ നടത്തിവരികയാണ്. പിടിയിലായ എല്ലാവരെയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയം, ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ മൂന്ന് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്രക്രിയാ റൂമില്‍ ലൈസന്‍സില്ലാതെ ജോലിചെയ്തവരാണ് അറസ്റ്റിലായതെന്നാണ് അധികൃതര്‍ പറയുന്നത്. ഗാര്‍ഹിക തൊഴിലാളികളും കുടുംബ വിസയിലുള്ളവരുമാണ് ഇങ്ങനെ ജോലിചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories