നവ കേരള സദസിന്റെ പ്രഭാത യോഗങ്ങളിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായിരിക്കുകയാണ് കോഴിക്കോട് തോട്ടുമുക്കത്തെ 5 വയസ്സുകാരി റന ഫാത്തിമ. തൻ്റെ നാട്ടിൽ ഒരു നീന്തൽ പരിശീലന കേന്ദ്രം വേണമെന്ന ആവശ്യമാണ് കുഞ്ഞു റന മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചത്. പ്രഭാത യോഗത്തിലെ താരമായ റനയെയും കൂട്ടി നവ കേരള സദസിന്റെ ആകർഷണമായ ബസ് കാണിക്കാനും മന്ത്രിമാർ മറന്നില്ല.
ഇന്ന് നവകേരള സദസിന്റെ ഭാഗമായി ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തിലെ യഥാർത്ഥ താരം റന ഫാത്തിമയായിരുന്നു. പൊതുവേ കാർക്കശ്യക്കാരനായി അറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലും റനയുടെ നിഷ്കളങ്കമായ അഭ്യർത്ഥനയെ നറുപുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. അതേക്കുറിച്ച് റെന തന്നെ പറയുന്നു.
പ്രമുഖരായ 50 അതിഥികളിൽ ഒരാളായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പം റന ഫാത്തിമ ഇന്നത്തെ പ്രഭാത യോഗത്തിൽ പങ്കെടുത്തപ്പോൾ സ്വന്തമാക്കിയത് മറ്റൊരു നേട്ടം കൂടിയാണ്. നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അതിഥി. പ്രഭാത യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ റനയെയും കൂട്ടി മന്ത്രിമാരായ വി.അബ്ദുറഹ്മാനും പി. പ്രസാദും നവ കേരള സദസിന്റെ ആകർഷണമായ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് കാണിച്ചുകൊടുത്തു. മന്ത്രി വീണാ ജോർജ്ജും റനയ്ക്കൊപ്പം ബസ്സിലെ വിശേഷങ്ങൾ കാണിച്ചുകൊടുക്കാൻ എത്തിയിരുന്നു.
ബസ്സിലെ കാഴ്ചകൾ കണ്ടതിൻറെ കൗതുകത്തിലാണ് റെനയെന്ന് ഒപ്പം വന്ന വല്യുമ്മ റംല മനാഫ് പറഞ്ഞു. മൂന്നാമത്തെ വയസ്സിൽ തന്നെ പുഴയിൽ നീന്തി സമൂഹത്തിലെ മറ്റുള്ളവർക്ക് നീന്തൽ പഠിക്കാൻ പ്രചോദനം നൽകി മാതൃകയായ റന മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്. മാധ്യമപ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാനയുടെയും മകളാണ് റന.