ഹൈദരാബാദ്: തെലുഗു നടന്‍ മോഹന്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ബാബുവിന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വലിയ പൊട്ടിത്തെറിയില്‍ കലാശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരവേദന തുടങ്ങിയവയാണ് നടനുള്ള ആരോഗ്യപ്രശ്‌നങ്ങളെന്നും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഡോ. ഗുരു എന്‍. റെഡ്ഡി പറഞ്ഞു.
നടന്‍ മോഹന്‍ബാബുവും മകന്‍ മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം വലിയ പൊട്ടിത്തെറിയിലെത്തിയിരുന്നു. ജാല്‍പ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താന്‍ മകന്‍ മനോജും മരുമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മോഹന്‍ ബാബു പോലീസില്‍ പരാതി നല്‍കിയിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്നും നടന്‍ ആരോപിച്ചിരുന്നു. അതിനിടെ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്നും വീട്ടില്‍പ്രവേശിക്കുന്നത് തടഞ്ഞെന്നും ആരോപിച്ച് മകന്‍ മനോജും മോഹന്‍ ബാബുവിനെതിരേ പരാതി നല്‍കി.
കഴിഞ്ഞദിവസം മനോജ് തന്റെ കുഞ്ഞിനെ കാണാനായി ജാല്‍പ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും മോഹന്‍ ബാബുവിന്റെ സുരക്ഷാജീവനക്കാര്‍ മനോജിനെ അകത്തേക്ക് കടത്തിവിടാന്‍ കൂട്ടാക്കിയില്ല. ഇതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെ, തര്‍ക്കം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ ബാബു ആക്രമിച്ചതും വിവാദമായി.
മഞ്ജു സഹോദരങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കം രൂക്ഷമായിരുന്നുവെന്നാണ് റിപ്പോർട്ട്. മോഹൻബാബുവിന്റെ മക്കളായ മഞ്ജു മനോജും വിഷ്ണു മഞ്ജുവും തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്കു തുടക്കം. കുടുംബ ബിസിനസിന്റെയും സ്വത്തുക്കളുടെയും വിഭജനവുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾ തമ്മിലുള്ള വൈരാഗ്യമെന്ന് പല റിപ്പോർട്ടുകളും പറയുന്നു. മൗനികയുമായുള്ള മനോജിന്റെ വിവാഹത്തിന് മോഹൻബാബുവിനും കുടുംബത്തിനും അതൃപ്തി ഉണ്ടായിരുന്നതായും കേൾക്കുന്നു.മോഹൻ ബാബുവും ഇളയമകൻ മഞ്ജു മനോജും അടുത്തിടെ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളാണ് കുടുംബത്തിനുള്ളിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നത പരസ്യമാകാൻ കാരണം.
മോഹൻ ബാബുവും മഞ്ജുവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് പരസ്യമായ ഭിന്നതയിലേക്ക് നീങ്ങിയതോടെ കുടുംബപ്രശ്നം നാട്ടിൽ പാട്ടായി. കുറച്ച് വർഷങ്ങൾക്കു മുമ്പ്, വിഷ്ണു കുടുംബത്തോടൊപ്പം അച്ഛൻ മോഹൻ ബാബുവിന്റെ വസതിയിൽ താമസിച്ചു വരികയായിരുന്നു, മനോജ് വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2023-ൽ വിഷ്ണു കുടുംബത്തോടൊപ്പം ദുബായിലേക്ക് മാറാൻ തീരുമാനിച്ചു. വിഷ്ണു മാറിയപ്പോൾ മഞ്ജുവിന്റെ അമ്മ നിർമല ദേവി മഞ്ജുവിന്റെ മേൽ സമ്മർദ്ദം ചെലുത്തി അച്ഛനൊപ്പം താമസിപ്പിക്കുകയായിരുന്നു.2023-ൽ, മാർച്ചിൽ മഞ്ജു ഫെസ്ബുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്യുന്നു. വിഷ്ണു തന്റെ വീട്ടിൽ അതിക്രമിച്ച് കയറി രണ്ട് അടുത്ത സഹായികളെ മർദിച്ചതായാണ് വിഡിയോയിലൂടെ ആരോപിച്ചത്. തർക്കം എന്താണെന്ന് മഞ്ജു പറഞ്ഞില്ലെങ്കിലും വിഷ്ണു പലപ്പോഴും ഇത് ചെയ്യാറുണ്ടെന്നായിരുന്നു ആരോപണം. തുടർന്ന് മനോജ് വിഡിയോ നീക്കം ചെയ്തെങ്കിലും അത് മാധ്യമങ്ങളിൽ വാർത്തയായി.
വിഷ്ണുവും അദ്ദേഹത്തിന്റെ അസോസിയേറ്റായ വിനയ് മഹേശ്വരിയും ചേർന്ന് മോഹൻ ബാബുവിന്റെ പേരിലുള്ള മോഹൻ ബാബു യൂണിവേഴ്സിറ്റിൽ തട്ടിപ്പു നടത്തിയെന്നാണ് മഞ്ജു മനോജിന്റെ പുതിയ ആരോപണം. ‘‘സാമ്പത്തിക ക്രമക്കേടുകളുടെയും ചൂഷണത്തിന്റെയും കാര്യമായ തെളിവുകൾ എൻ്റെ പക്കലുണ്ട്, അത് ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തയാറാണ്.’’–മഞ്ജു മനോജ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.